തിരുവനന്തപുരം: കേരള വി.സിക്ക് മുന്നറിയിപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വി.സി.യുടെ അധികാരങ്ങളും കടമകളും ചട്ടത്തിൽ പരാമർശിച്ചിട്ടുണ്ടെന്ന് ഓർമിപ്പിക്കുകയാണ് ഗവർണർ. സെർച്ച് കമ്മിറ്റിയിലേക്ക് ഒരു നോമിനിയെ ഉടൻ നിർദേശിക്കണമെന്നും ഗവർണർ വി.സിക്ക് നിർദ്ദേശം നൽകി. ഇത് മൂന്നാം തവണയാണ് നോമിനിയെ നൽകാൻ ഗവർണർ ആവശ്യപ്പെടുന്നത്. അന്ത്യശാസനം തള്ളിയിട്ടും കടമ ഓർമിപ്പിച്ച് ഗവർണർ കേരള വി.സിക്ക് കത്തയച്ചു.
വി.സി നിയമനത്തിനായി സെനറ്റ് പ്രതിനിധിയെ സെർച്ച് കമ്മിറ്റിയിലേക്ക് ഉടൻ നാമനിർദ്ദേശം ചെയ്യണമെന്ന് കഴിഞ്ഞയാഴ്ച ഗവർണർ വി.സിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വി.സി പ്രതിനിധിയെ നിർദ്ദേശിച്ചില്ല. ഗവർണറുടെയും യു.ജി.സിയുടെയും പ്രതിനിധികൾ മാത്രം ഉൾപ്പെടുന്ന സമിതി രൂപീകരണം ഏകപക്ഷീയമാണെന്ന് കാണിച്ച് ഗവർണറെ തള്ളി സെനറ്റ് പ്രമേയം പാസ്സാക്കിയ കാര്യം വിസി മറുപടിയായി നൽകി. പ്രമേയത്തെക്കുറിച്ച് അറിയാമെന്ന് പറഞ്ഞ ഗവർണർ അന്ത്യശാസനമായി വി.സിക്ക് പുതിയ കത്ത് നൽകി. എന്നിട്ടും പ്രതിനിധിയെ നൽകാൻ വി.സി തയ്യാറായില്ല. ഇതോടെയാണ് ഗവർണർ വീണ്ടും താക്കീത് നൽകിയത്.
സെനറ്റ് പ്രതിനിധിയെ നിർദ്ദേശിക്കാൻ ഇനിയും മടിക്കുകയാണെങ്കിൽ വി.സിക്കെതിരെ ഗവർണർ നടപടിയെടുത്തേക്കുമെന്നാണ് വിവരം. ഒക്ടോബർ മൂന്നിന് കേരളത്തിൽ തിരിച്ചെത്തിയ ശേഷം ഗവർണർ നടപടിയിലേക്ക് കടക്കും. എന്നാൽ ഗവർണർ ഏകപക്ഷീയമായി രൂപീകരിച്ച സമിതി അംഗീകരിക്കില്ലെന്ന നിലപാടിലാണ് സർവകലാശാല.