ന്യൂഡല്‍ഹി: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്) പ്രവേശനത്തിൽ ഇരട്ട സംവരണം ഏർപ്പെടുത്തിയെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്. കെ.എ.എസ്സിലേക്കുള്ള പ്രവേശനം പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തില്‍ ആയതിനാല്‍ പുതിയ നിയമനമാണെന്ന് പകല്‍വെളിച്ചം പോലെ വ്യക്തമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
നേരിട്ടുള്ള പ്രവേശനത്തിന് അപേക്ഷിക്കുന്നവരും സർക്കാർ സർവീസിൽ നിന്ന് കെഎഎസിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവരും പരീക്ഷയും അഭിമുഖവും പാസാകണമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. അതിനാൽ, സർക്കാർ സർവീസിൽ നിന്ന് കെ.എ.എസിലേക്ക് വരുന്നവർക്ക് തുടർ സർവീസ് ലഭിക്കില്ല. ജോലിയില്‍ പ്രവേശിക്കുന്നതുമുതല്‍ ഉള്ള സീനിയോറിറ്റി മാത്രമേ ലഭിക്കുകയുള്ളു. അതിനാല്‍ തന്നെ ഒരിക്കല്‍ സംവരണം ലഭിച്ചവര്‍ക്ക് വീണ്ടും സംവരണ ആനുകൂല്യം ലഭിക്കുന്നുവെന്ന വാദം അംഗീകരിക്കാനാകില്ലെന്നും ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
സമസ്ത നായർ സമാജം എന്ന സംഘടനയും ചില ഉദ്യോഗാർത്ഥികളുമാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിലെ സ്ട്രീം രണ്ടിലും മൂന്നിലും സർക്കാർ സർവീസിൽ നിന്ന് എത്തുന്നവർക്ക് സംവരണം ബാധകമാക്കിയ സർക്കാർ നടപടി ശരിവെച്ച ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിച്ചത്. ഒരിക്കല്‍ സംവരണത്തിലൂടെ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചവര്‍ക്ക് വീണ്ടും കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് പ്രവേശനത്തിന് സംവരണം നല്‍കുന്നത് ഇരട്ട സംവരണം ആണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഇരട്ട സംവരണം നല്‍കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.