തിരുവനന്തപുരം: സെപ്റ്റംബർ 20ന് കാട്ടാക്കട ഡിപ്പോയിൽ കൺസഷൻ എടുക്കാനെത്തിയ വിദ്യാർത്ഥിനിയോടും പിതാവിനോടും അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഒരു ജീവനക്കാരനെ കൂടി കെ.എസ്.ആർ.ടി.സി സസ്പെൻഡ് ചെയ്തു. കാട്ടാക്കട യൂണിറ്റിലെ മെക്കാനിക്കായ എസ് അജികുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ ഗുരുതരമായ അച്ചടക്ക ലംഘനം നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
സംഭവവുമായി ബന്ധപ്പെട്ട് നാല് ജീവനക്കാരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി വിജിലൻസ് വിഭാഗം വീഡിയോ വിശദമായി പരിശോധിച്ചപ്പോഴാണ് സംഭവത്തിൽ അജികുമാറിന് പങ്കുണ്ടെന്ന് കണ്ടെത്തിയത്. ഇതേ തുടർന്നാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്.