തിരുവനന്തപുരം: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അനുശോചിച്ചു. ദേഹവിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സി.പി.എമ്മിന്‍റെ ചിരിക്കുന്ന മുഖമായിരുന്നു കോടിയേരി ബാലകൃഷ്ണൻ. തന്‍റെ രാഷ്ട്രീയ എതിരാളികളുമായും സൗഹൃദം സൂക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹത്തിന്‍റെ നിര്യാണം കമ്യൂണിസ്റ്റ് പാർട്ടിക്കും കേരള രാഷ്ട്രീയത്തിനും വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.
ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു കോടിയേരിയുടെ അന്ത്യം. അർബുദ ബാധിതനായിരുന്നു അദ്ദേഹം. അർബുദത്തിന് പുറമെ മറ്റ് ചില ആരോഗ്യപ്രശ്നങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയ ശേഷമായിരുന്നു കോടിയേരി വിദഗ്ധ ചികിത്സയ്ക്കു ചെന്നൈയിലേക്ക് പോയത്.
സി.പി.എമ്മിനെ മൂന്ന് തവണ സംസ്ഥാന സെക്രട്ടറിയായി കോടിയേരി നയിച്ചിട്ടുണ്ട്. അഞ്ച് തവണ തലശ്ശേരിയിൽ നിന്ന് എം.എൽ.എയായി. തീവ്ര കമ്യൂണിസ്റ്റുകാർക്കിടയിൽ എക്കാലവും സൗമ്യനും സമവായ അന്വേഷകനുമായിരുന്നു കോടിയേരി. വിദ്യാർത്ഥി രാഷ്ട്രീയം മുതൽ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം വരെ പിണറായി വിജയന്‍റെ കാൽപാടുകളായിരുന്നു കോടിയേരിയുടെ പടവുകൾ.