തിരുവനന്തപുരം: വടകര എം.എൽ.എയും ആർ.എം.പി.ഐ നേതാവുമായ കെ.കെ രമ ആഭ്യന്തര വകുപ്പിനും സി.പി.ഐ.എമ്മിനുമെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിൽ കള്ളൻ കപ്പലിൽ തന്നെയെന്ന് കെ.കെ രമ ആരോപിച്ചു.
നിയമസഭയിൽ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു കെ കെ രമ. എസ് എഫ് ഐ പ്രവര്‍ത്തകര്‍ വാഴ വെക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ കസേരയില്‍ ആണ് എന്നാണ് കെ കെ രമ പറഞ്ഞു.
എകെജി സെന്‍റർ ആക്രമണവുമായി ബന്ധപ്പെട്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചത്. ആരോപണങ്ങൾക്ക് മറുപടി പറയാതെ മുഖ്യമന്ത്രി ദേഷ്യപ്പെടുന്നുവെന്നും കെ കെ രമ പറഞ്ഞു. എ.കെ.ജി സെന്ററിന് നേരെ ആക്രമണം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്തത് ആഭ്യന്തര വകുപ്പിന്‍റെ പരാജയമാണെന്നും അവർ പറഞ്ഞു.