ഗായകൻ കെകെയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് ഇന്ത്യൻ സിനിമാലോകവും ആരാധകരും. പ്രിയപ്പെട്ട ഗായകൻ ആദരാഞ്ജലികൾ അർപ്പിക്കാൻ നിരവധി പേരാണ് എത്തിയത്. ഗായകന്റെ മൃതദേഹം വെർസോവയിലെ ശ്മശാനത്തിൽ സംസ്കരിച്ചു. പ്രിയപ്പെട്ട ഗായകനെ വിട നൽകാൻ ധാരാളം ആളുകൾ എത്തി.
കൊൽക്കത്തയിലെ പ്രകടനത്തിനു ശേഷമാണ് കെകെ അന്തരിച്ചത്. നസ്രുൽ മഞ്ച ഓഡിറ്റോറിയത്തിലെ പരിപാടിക്ക് ശേഷം താമസിച്ചിരുന്ന ഹോട്ടലിന്റെ ഗോവണിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ കൊൽക്കത്തയിലെ സിഎംആർഐ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഗായകന്റെ ധമനികളിൽ വലിയ തോതിലുള്ള ബ്ലോക്ക് ഉണ്ടായിരുന്നെന്നും ഇതാണ് ഹൃദയാഘാതത്തിലേക്ക് നയിച്ചതെനന്നുമാണ് പോസ്റ്റ്മോർട്ടം സംഘത്തിലുണ്ടായിരുന്ന ഒരു ഡോക്ടർ പറഞ്ഞത്. അദ്ദേഹത്തിനു കൃത്യ സമയത്ത് സി.പി.ആർ. നൽകിയിരുന്നെങ്കിൽ കെകെയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ഡോക്ടർ പറയുന്നു.