ജൂനിയർ അഭിഭാഷകർക്ക് പ്രതിമാസം 3,000 രൂപ വീതം സ്റ്റൈപ്പൻഡ് അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. 30 വയസിൽ കവിയാത്തവരും ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവരുമായ അഭിഭാഷകർക്കാണ് സ്റ്റൈപ്പന്റ് നൽകുക. ബാറിലെ സേവന കാലയളവ് മൂന്ന് വർഷത്തിൽ കവിയാൻ പാടില്ല. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് വാർഷിക വരുമാന പരിധി ബാധകമല്ല.
അഭിഭാഷകരുടെ ക്ഷേമനിധിയിൽ നിന്ന് ജൂനിയർ അഭിഭാഷകർക്ക് പ്രതിമാസ സ്റ്റൈപ്പൻഡ് നൽകാൻ ബാർ കൗൺസിൽ ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിരുന്നു. അഡ്വക്കേറ്റ്സ് വെൽഫെയർ ഫണ്ട് ആക്ട് പ്രകാരമാണ് ക്ഷേമനിധി രൂപീകരിച്ചത്. സർക്കാരിന്റെ മുൻകൂർ അനുമതിയോടെയാകും തുക നൽകുക. ഇതനുസരിച്ച് അഡ്വക്കേറ്റ്സ് വെൽഫെയർ ഫണ്ട് ട്രസ്റ്റി കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.