താരസംഘടനയായ അമ്മയിൽ ക്ലബ് പരാമർശത്തെ ചൊല്ലിയുള്ള വിവാദം തുടരുന്നു. ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് അംഗത്വം വേണ്ടെന്ന് കാണിച്ച് നടൻ ജോയ് മാത്യു ജനറൽ സെക്രട്ടറിക്ക് കത്തയച്ചു. ക്ലബ് ഒരു മോശം വാക്കല്ലെന്നും ഇല്ലാത്ത അർത്ഥങ്ങൾ ഉണ്ടാക്കി സംഘടനയെ അപകീർത്തിപ്പെടുത്തരുതെന്നും ചൂണ്ടിക്കാണിച്ച് ഇടവേള ബാബു നടൻ ഗണേഷ് കുമാറിനും കത്തയച്ചു.
നേരത്തെ കേസിൽ പ്രതിയായ നടൻ ബിനീഷ് കോടിയേരിക്കെതിരെ ഗണേഷ് കുമാർ സ്വീകരിച്ച നിലപാട് പരിശോധിക്കുമ്പോൾ ഇപ്പോൾ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും ഇടവേള ബാബു കത്തിൽ പറയുന്നു. ജഗതി ശ്രീകുമാറിനും പ്രിയങ്കയ്ക്കുമെതിരെ കേസ് വന്നപ്പോൾ താങ്കൾ അംഗമായിരുന്ന മുൻ കമ്മിറ്റിയും ഇതേ നിലപാടാണ് സ്വീകരിച്ചതെന്നും ഇടവേള ബാബു വിമർശിച്ചു.
പ്രസിഡന്റ് മോഹൻലാലിന് ഗണേഷ് അയച്ച കത്തുകൾക്ക് സമയക്കുറവു കൊണ്ട് ഫോണിൽ വിളിച്ചെങ്കിലും അദ്ദേഹം മറുപടികൾ തരാറില്ലേയെന്നും ഇടവേള ബാബു കത്തിൽ ചോദിക്കുന്നു. കഴിഞ്ഞ 27 വർഷമായി സംഘടനയെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന താങ്കൾ ഇപ്പോൾ ഇങ്ങനെ പറയുന്നത് സംഘടനയ്ക്ക് അപകീർത്തി ഉണ്ടാക്കുന്നുണ്ട്. ചെയ്യാത്ത തെറ്റിന്റെ പേരിൽ തന്നെ ക്രൂശിക്കരുതെന്നും ഇടവേള ബാബു കത്തിൽ പറയുന്നു.