Spread the love

തിരുവനന്തപുരം: 25 കോടി രൂപയുടെ ഓണം ബമ്പർ നേടിയതിന്റെ സന്തോഷം പങ്കുവെച്ച് തിരുവനന്തപുരം സ്വദേശി അനൂപ്. ശ്രീവരാഹം സ്വദേശിയാണ് ഇദ്ദേഹം. ലോട്ടറി അടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ മനസ്സിൽ ലോട്ടറി അടിച്ചതിന്റെ സന്തോഷം മാത്രമാണ്. ഭാവി പദ്ധതികളൊന്നും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അനൂപ് കൂട്ടിച്ചേർത്തു. ഓട്ടോ ഡ്രൈവറാണ് അനൂപ്.

ഫലം വന്നപ്പോൾ അത് ഒന്നാം സമ്മാനമാണോ എന്ന് സംശയമുണ്ടായിരുന്നു. ഭാര്യയാണ് നോക്കി ഉറപ്പു വരുത്തിയത്. ശനിയാഴ്ച രാത്രി 7.30ന് ശേഷമാണ് ലോട്ടറി എടുത്തത്. ആദ്യം മറ്റൊരു ടിക്കറ്റ് എടുത്തിരുന്നുവെന്നും അത് തിരികെ വെച്ച് വിജയിക്കുന്ന ടിക്കറ്റ് എടുക്കുകയായിരുന്നുവെന്നും അനൂപ് പറഞ്ഞു.

“മുൻപും ലോട്ടറി ടിക്കറ്റുകൾ വാങ്ങിയിട്ടുണ്ട്, അന്ന് 5,000 രൂപ കിട്ടിയിരുന്നു. എനിക്ക് സന്തോഷമായി ഒപ്പം ടെൻഷനും കാരണം ഇതാദ്യമായാണ് ഇത്രയും വലിയ തുക എനിക്ക് ലഭിക്കുന്നത്. ഇത് മൊത്തത്തിൽ ടെൻഷനാണ്,” അനൂപ് ചിരിച്ചുകൊണ്ട് പറഞ്ഞു. അമ്മയും ഭാര്യയും കുഞ്ഞും അടങ്ങുന്നതാണ് അനൂപിന്റെ കുടുംബം.

സമ്മാന തുക എന്ത് ചെയ്യുമെന്ന് തീരുമാനിച്ചിട്ടില്ല. ഒരു മാസത്തിന് ശേഷം അനൂപ് ഷെഫ് ജോലിക്കായി മലേഷ്യയിലേക്ക് പോകാനൊരുങ്ങുകയായിരുന്നു. ഇതിനിടയിലാണ് ലോട്ടറി അടിച്ചത്. ഓണം ബമ്പർ എടുക്കാൻ ആഗ്രഹിച്ചെങ്കിലും പണം ഇല്ലാത്തതിനാൽ എടുക്കാതെ ഇരിക്കുകയായിരുന്നു. അവസാനം, ഇന്നലെ പണം കൈയിൽ വന്നപ്പോൾ ടിക്കറ്റ് എടുക്കുകയായിരുന്നു. “അദ്ദേഹം പറഞ്ഞു.

By newsten