തിരുവനന്തപുരം: മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരെ ഗുരുതര ആരോപണവുമായി വിവരാവകാശ പ്രവര്‍ത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ. കള്ളക്കഥകൾ ചമയ്ക്കുന്നതിൽ വിദഗ്ധയാണ് ശ്രീലേഖയെന്നാണ് ജോമോന്‍റെ ആരോപണം. എ.എസ്.പിയായിരിക്കെ കുട്ടിയെ കൊലപ്പെടുത്തിയ അമ്മയെ രക്ഷിക്കാന്‍ ശ്രീലേഖ ശ്രമിച്ചിട്ടുണ്ടെന്ന് ജോമോന്‍ ആരോപിച്ചു. പ്രശസ്തിക്ക് വേണ്ടി എന്തും പറയുന്ന ആളാണ് ശ്രീലേഖയെന്നും അദ്ദേഹം പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ കഴിഞ്ഞ ദിവസം ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ജോമോന്‍റെ ആരോപണം.
സർവീസിലിരിക്കെ ഒരു കേസും അന്വേഷിച്ച് ശിക്ഷ വാങ്ങിക്കൊടുത്ത ചരിത്രം ശ്രീലേഖയ്ക്കില്ല. ഇത്തരം തോന്നിവാസങ്ങള്‍ പറയാനാണ് അവർ ശ്രമിക്കുന്നത്. ചാനലിലും പത്രങ്ങളിലും വീരവാദം പറയും. പ്രശസ്തി നേടാൻ എന്തും പറയുന്ന ഒരാളാണ് അവർ. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് കള്ളക്കഥകൾ കെട്ടിച്ചമയ്ക്കുന്നതിൽ ശ്രീലേഖ വിദഗ്ദ്ധയാണെന്ന് ഓരോ ഘട്ടത്തിലും വ്യക്തമാകുകയാണെന്നും ജോമോൻ ആരോപിച്ചു. പ്രശസ്തിക്ക് വേണ്ടി ശ്രീലേഖ എന്തും പറയും. ഈ കേസിലും പ്രതിയായ ദിലീപിനെ രക്ഷിക്കാനാണ് കഥ പറയുന്നതെന്നും ജോമോൻ പറഞ്ഞു.
അതേസമയം ദിലീപും പൾസർ സുനിയും ഒരുമിച്ചുള്ള ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന ശ്രീലേഖയുടെ വാദം തള്ളി ഫോട്ടോഗ്രാഫർ രംഗത്തെത്തി. ചിത്രം യഥാർഥമാണെന്നും കൃത്രിമത്വം നടന്നിട്ടില്ലെന്നും ചിത്രം പകര്‍ത്തിയ ബിദിൽ പറഞ്ഞു.