ഇ-കൊമേഴ്സ് ഭീമനായ ആമസോണിന്‍റെ സ്ഥാപകനാണ് ജെഫ് ബെസോസ്. വളരെക്കാലം അദ്ദേഹം ലോകത്തിലെ ഏറ്റവും ധനികരായ ആളുകളുടെ നിരയിൽ ഒന്നാമനായിരുന്നു. 124 ബില്യൺ ഡോളർ ആസ്തിയുള്ള, അതായത് 10 ലക്ഷം കോടിയിലധികം രൂപ ആസ്തിയുള്ള ധനികനാണ് അദ്ദേഹം. ലോകത്തെ ഞെട്ടിച്ച ഒരു തീരുമാനത്തിലേക്കാണ് അദ്ദേഹം എത്തിയിരിക്കുന്നത്.
തന്‍റെ സ്വത്തുക്കളുടെ സിംഹഭാഗവും ഒഴിവാക്കുമെന്ന് അദ്ദേഹം പറയുന്നു. തന്‍റെ പങ്കാളിയായ ലോറൻ സാഞ്ചസിനൊപ്പം ഈ പണം ചെലവഴിക്കാനുള്ള വഴികൾ തേടുകയാണെന്ന് അദ്ദേഹം പറയുന്നു. ജെഫ് ബെസോസ് തന്‍റെ സമ്പത്തിന്‍റെ 10 ബില്യൺ ഡോളർ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ ചെലവഴിക്കാൻ തീരുമാനിച്ചു. ഇതിനായി ബെസോസ് എർത്ത് ഫണ്ട് രൂപീകരിച്ചു. ബെസോസ് ആണ് എക്സിക്യൂട്ടീവ് ചെയർപേഴ്സൺ. എന്നാൽ ബെസോസ് എർത്ത് ഫണ്ട് ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
2021ലാണ് ബെസോസ് ആമസോണിന്‍റെ സിഇഒ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞത്. കമ്പനിയിൽ ബെസോസിന് ഇപ്പോഴും 10 ശതമാനം ഓഹരിയുണ്ട്. ആഗോളതലത്തിൽ പ്രശസ്തമായ മാധ്യമ കമ്പനിയായ വാഷിങ്ടൺ പോസ്റ്റും ബഹിരാകാശ ടൂറിസം കമ്പനിയായ ബ്ലൂ ഒറിജിനും അദ്ദേഹത്തിൻ്റേതാണ്. ബ്ലൂ ഒറിജിൻ വാണിജ്യ ബഹിരാകാശ നിലയം ആരംഭിക്കുമെന്ന് ബെസോസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ‘ഓർബിറ്റൽ റീഫ്’ എന്ന് പേരിട്ടിരിക്കുന്ന സ്റ്റേഷൻ ഈ ദശകത്തിന്‍റെ അവസാനത്തോടെ പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ നേരത്തെ പദ്ധതിയോട് പ്രതികരിച്ചിരുന്നു.