Spread the love

ന്യൂഡൽഹി: ജെഇഇ 2021 പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിലെ മുഖ്യ സൂത്രധാരനായ റഷ്യൻ പൗരനെ സിബിഐ അറസ്റ്റ് ചെയ്തു. കസാഖിസ്ഥാനിലെ അൽമാട്ടയിൽ നിന്നെത്തിയ ഇയാളെ എമിഗ്രേഷൻ വിഭാഗം വിമാനത്താവളത്തിൽ തടഞ്ഞുവയ്ക്കുകയായിരുന്നു. ജെഇഇ പരീക്ഷയുടെ സോഫ്റ്റ്‌വെയർ ഹാക്ക് ചെയ്താണ് ഇയാൾ ചോദ്യപേപ്പർ ചോർത്തിയത്. ഇത് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. കൂടുതൽ അന്വേഷണത്തിനും ചോദ്യം ചെയ്യലിനും ശേഷം സംഭവത്തിൽ വിദേശ പങ്കാളിത്തം ഉണ്ടെന്ന് ഒടുവിൽ തെളിഞ്ഞിരുന്നു.

ടിസിഎസ് സോഫ്റ്റ്‌വെയർ അടക്കം ഹാക്ക് ചെയ്താണ് ചോർത്തൽ നടത്തിയത്. ജെഇഇ പരീക്ഷയ്ക്കായി ടാറ്റ കൺസൾട്ടൻസി നിർമ്മിച്ച സോഫ്റ്റ്‌വെയറാണ് ഹാക്ക് ചെയ്യപ്പെട്ടത്. 2021 സെപ്റ്റംബറിലാണ് സ്വകാര്യ കമ്പനിക്കെതിരെ കേസെടുത്തത്. റഷ്യൻ പൗരനായ പ്രതിയുടെ പങ്ക് അന്വേഷണത്തിൽ വ്യക്തമായതോടെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷം ഡൽഹി-എൻസിആർ, പൂനെ, ജംഷഡ്പൂർ, ഇൻഡോർ, ബാംഗ്ലൂർ എന്നിവിടങ്ങളിലെ 19 സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ 25 ലാപ്ടോപ്പുകൾ, ഏഴ് പിസികൾ, 30 ഓളം പോസ്റ്റ് ഡേറ്റഡ് ചെക്കുകൾ, മാർക്ക് ഷീറ്റുകൾ, ഹാക്കിങ്ങിന് ഉപയോഗിച്ച ഉപകരണങ്ങൾ മുതലായവ കണ്ടെത്തിയിരുന്നു.

By newsten