കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. കേസിൽ മൊഴി രേഖപ്പെടുത്താൻ സമൻസ് ലഭിച്ചതിനെ തുടർന്നാണ് ജാക്വലിൻ ഇഡി ആസ്ഥാനത്ത് ഹാജരായത്. നേരത്തെ മൂന്ന് തവണയാണ് അന്വേഷണ സംഘം നടിയെ ചോദ്യം ചെയ്തത്. നടിയുടെ 7.27 കോടി രൂപയുടെ സ്വത്തുക്കളും താത്കാലികമായി കണ്ടുകെട്ടിയിട്ടുണ്ട്.
200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കേസിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്. സുകേഷ് ചന്ദ്രശേഖറാണ് കേസിലെ മുഖ്യപ്രതി. ഫോർട്ടിസ് ഹെൽത്ത് കെയർ സ്ഥാപനത്തിലെ പ്രൊമോട്ടറായ മോഹൻ സിംഗിനെ ജയലിൽ നിന്ന് പുറത്തിറക്കാമെന്ന് പറഞ്ഞ് ഭാര്യ അതിഥി സിംഗിന്റെ പക്കൽ നിന്ന് 215 കോടി തട്ടിയ കേസിലാണ് സുകേഷിനെ കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്യുന്നത്. ചന്ദ്രശേഖറിന്റെ ചെന്നൈയിലെ ബംഗ്ലാവും 26 കാറുകളും 45 കോടി രൂപ വിലമതിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തിരുന്നു.
സുകേഷ് ചന്ദ്രശേഖറുമായുള്ള നടിയുടെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കുന്നുണ്ട്. മോഷ്ടിച്ച പണത്തിൽ നിന്ന് കാർ ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ സുകേഷ് വാങ്ങിയതായി ജാക്വലിൻ ഇഡിക്ക് മൊഴി നൽകിയിരുന്നു. ജാക്വലിൻ ഫെർണാണ്ടസിനെ കൂടാതെ നോറ ഫത്തേഹി ഉൾപ്പെടെ നിരവധി ബോളിവുഡ് താരങ്ങളുടെ പേരുകളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.