തിരുവനന്തപുരം: സജി ചെറിയാൻ എം.എൽ.എ സ്ഥാനം രാജിവെക്കുന്നതാണ് ഉചിതമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. താൻ പറഞ്ഞത് തെറ്റാണെന്ന് അംഗീകരിക്കാൻ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. അങ്ങനെയൊരാൾ എം.എൽ.എ സ്ഥാനത്തിരിക്കുന്നത് ശരിയല്ലെന്ന് വി.ഡി സതീശൻ വ്യക്തമാക്കി.
വിഷയത്തിൽ സി.പി.എം നിശബ്ദത പാലിക്കുകയാണ്. നിങ്ങളുടെ നിലപാടെന്ന് എന്താണെന്ന് പറയണം. മന്ത്രിസ്ഥാനം രാജിവച്ച ശേഷവും ഒരു വാചകം പോലും ഉരിയാടാൻ മുഖ്യമന്ത്രി തയ്യാറല്ല. സി.പി.എം നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇതാണ് നിലപാട് എന്ന മട്ടിൽ കോൺഗ്രസ് പ്രചാരണം നടത്തുമെന്നും വി.ഡി സതീശൻ പറഞ്ഞു.
യൂത്ത് കോൺഗ്രസ് ക്യാമ്പിലെ പ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമം നടന്നെന്ന പരാതിയിൽ ഉചിതമായ നടപടി സ്വീകരിക്കും. ആരും സംരക്ഷിക്കപ്പെടില്ല. ഇപ്പോൾ പരാതി നൽകിയ പെൺകുട്ടിക്ക് പുറമെ, ആര്‍ക്കെങ്കിലും നോക്കാലോ വാക്കാലോ അപമാനിക്കപ്പെട്ടതായി തോന്നിയിട്ടുണ്ടെങ്കിൽ അവരും പരാതി നൽകണം. പരാതിപ്പെടാൻ ആരും മടിക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.