Spread the love

കൽപറ്റ: വയനാട്ടിൽ തന്റെ എംപി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. സംഭവിച്ചത് ദൗർഭാഗ്യകരമാണെന്നും അക്രമികളോട് തനിക്ക് ദേഷ്യമില്ലെന്നും രാഹുൽ പറഞ്ഞു. കൽപ്പറ്റ ഓഫീസ് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “കൽപ്പറ്റയിലെ എന്റെ ഓഫിസ് കുട്ടികളാണ് ആക്രമിച്ചത്, എനിക്ക് അവരോട് ദേഷ്യമില്ല. ആക്രമിച്ച കുട്ടികളോട് ക്ഷമിക്കുന്നു. അവർ നിരുത്തരവാദപരമായാണ് പെരുമാറിയത്. അതിന്റെ ഭവിഷ്യത്തുകൾ അവർ മനസ്സിലാക്കിയിട്ടുണ്ടാവില്ല. എന്റെ ഓഫീസ് വയനാട്ടിലെ ജനങ്ങളുടേതാണ്. സംഭവിച്ചത് ദൗർഭാഗ്യകരമാണ്. അക്രമം ഒന്നിനും പരിഹാരമല്ല. ഓഫീസ് ഉടൻ തുറക്കും. ബി.ജെ.പിയും ആർ.എസ്.എസും വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. അതല്ല കോൺഗ്രസിൻ്റെ തത്വശാസ്ത്രം.’ രാഹുൽ പറഞ്ഞു. മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി, കെ.സി വേണുഗോപാൽ, കെ.സുധാകരൻ, വി.ഡി സതീശൻ എന്നിവരും രാഹുലിനെ അനുഗമിച്ചു. എസ്.എഫ്.ഐ അക്രമത്തിൽ ഉന്നതതല അന്വേഷണം പുരോഗമിക്കുകയാണ്. എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കുമെന്നും ഗാന്ധിജിയുടെ ഛായാചിത്രം നശിപ്പിച്ചതുൾപ്പെടെ സമഗ്രമായ അന്വേഷണം നടത്തുമെന്നും എഡിജിപി മനോജ് എബ്രഹാം പറഞ്ഞു.

By newsten