തിരുവനന്തപുരം: കെ കെ രമയ്ക്കെതിരായ വിവാദ പരാമർശം എം എം മണി പിൻവലിച്ചു. പരാമർശത്തിൽ സ്പീക്കർ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് എം എം മണി പരാമർശം പിൻവലിച്ചത്.
“ഇത് ഞാൻ മറ്റൊരു ഉദ്ദേശ്യത്തോടെയും നടത്തിയ പ്രസ്താവനയായിരുന്നില്ല. എന്നാൽ പരാമർശങ്ങൾ മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടു. ഒരു കമ്യൂണിസ്റ്റെന്ന നിലയിൽ ഞാൻ ‘വിധി’ എന്ന വാക്ക് ഉപയോഗിക്കാൻ പാടില്ലായിരുന്നു. അതുകൊണ്ട് തന്നെ വിവാദ പരാമർശം പിൻവലിക്കുകയാണെന്നും മണി നിയമസഭയിൽ പറഞ്ഞു.
മണിയുടെ പരാമർശങ്ങളിൽ തെറ്റായ ഭാഗങ്ങളുണ്ടെന്നും അത് പുരോഗമനപരമായ നിലപാടല്ലെന്നും സ്പീക്കർ എം.ബി രാജേഷ് കഴിഞ്ഞ ദിവസം സഭയിൽ പറഞ്ഞിരുന്നു. ഒരു വാക്കിന് തന്നെ വ്യത്യസ്ത സാഹചര്യങ്ങളിൽ പല അർത്ഥങ്ങളുണ്ടാകുമെന്നും എല്ലാ ആളുകൾക്കും അത് ഉൾക്കൊള്ളാൻ കഴിയില്ലെന്നും സ്പീക്കർ നിരീക്ഷിച്ചു. ഇതിനു പിന്നാലെയാണ് എംഎം മണി തന്റെ പരാമർശം പിൻവലിച്ചത്.