കൊച്ചി: നിലവിൽ പുരോഗമിക്കുന്ന ‘സ്ഥാനാർഥി ശ്രീക്കുട്ടൻ’ എന്ന സിനിമയുടെ ലൊക്കേഷൻ വനിതാ കമ്മിഷൻ ചെയർപേഴ്സൺ പരിശോധിച്ചു. ചിത്രത്തിനായി ആഭ്യന്തര പരാതി പരിഹാര സെല്‍ (ഐസിസി) രൂപീകരിച്ചിട്ടില്ലെന്ന വിവരത്തെ തുടർന്നാണ് കമ്മിഷൻ ചെയർപേഴ്സൺ സതീദേവി കഴിഞ്ഞ ദിവസം എറണാകുളം ബ്രഹ്മപുരം സ്‌കൂള്‍ ഷൂട്ടിംഗ് ലൊക്കേഷൻ സന്ദർശിച്ചത്.
“ഐസിസി രൂപീകരിച്ചിട്ടില്ല എന്ന അറിവിന്‍റെ അടിസ്ഥാനത്തിലാണ് പോയത്. ചോദ്യം ചെയ്തതിനെ തുടർന്ന് ഐസിസി രൂപീകരിച്ചെന്ന് അണിയറ പ്രവർത്തകർ വാക്കാൽ മറുപടി നൽകിയെങ്കിലും രേഖകളൊന്നുമില്ലെന്ന്” സതീദേവി പറഞ്ഞു.
“സിനിമ നിർമ്മിക്കുന്നതിനെക്കുറിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിക്കുകയോ രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ല. ഐസിസി കമ്മിറ്റിയിലെ അംഗങ്ങൾ ആരെന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരമില്ല. മാത്രമല്ല, നിയമപ്രകാരം ഒരു വനിത ഐസിസിയുടെ തലപ്പത്ത് എത്തേണ്ടതായിരുന്നു. എന്നാൽ അത് വാക്കാൽ രൂപപ്പെട്ടതാണെന്ന് പറയുന്നതല്ലാതെ മാനദണ്ഡങ്ങളൊന്നും പാലിക്കപ്പെട്ടില്ല. ഐസിസി രൂപീകരിക്കാൻ ചിത്രത്തിന്‍റെ അണിയറപ്രവർത്തകർക്ക് കമ്മീഷൻ കർശന നിർദേശം നൽകിയിട്ടുണ്ട്.” -സതീദേവി പറഞ്ഞു.