ന്യൂ ഡൽഹി: ഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസിന് തിരിച്ചടി. സിബി മാത്യൂസ് ഉൾപ്പെടെയുള്ള ഗൂഢാലോചനക്കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സി.ബി.ഐ നൽകിയ അപ്പീൽ പരിഗണിച്ചാണ് കോടതിയുടെ നടപടി.
പ്രതികളുടെ ഹർജി വീണ്ടും പരിഗണിക്കണമെന്നും നാലാഴ്ചയ്ക്കകം ഹർജി തീർപ്പാക്കണമെന്നും സുപ്രീം കോടതി ഹൈക്കോടതിക്ക് നിർദേശം നൽകി. ഈ സമയത്ത് അറസ്റ്റ് ചെയ്യരുതെന്നും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.
ഐബി മുൻ ഡെപ്യൂട്ടി ഡയറക്ടർ ആർ ബി ശ്രീകുമാർ, മുൻ ഡിജിപി സിബി മാത്യൂസ്, എസ്.വിജയൻ, തമ്പി എസ് ദുർഗ്ഗ ദത്ത്, പി.എസ്. ജയപ്രകാശ് ഉൾപ്പെടെയുള്ളവർക്ക് നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ വിധി. ചില വസ്തുതകൾ കണക്കിലെടുക്കുന്നതിൽ ഹൈക്കോടതി പരാജയപ്പെട്ടുവെന്ന് ജസ്റ്റിസ് എം ആർ ഷാ അദ്ധ്യക്ഷനായ ബെഞ്ച് നേരത്തെ ഹിയറിംഗിനിടെ നിരീക്ഷിച്ചിരുന്നു.