ബഗ്ദാദ്: ഇറാഖില്‍ പ്രക്ഷോഭകര്‍ വീണ്ടും പാര്‍ലമെന്റ് കയ്യേറി. അതീവ സുരക്ഷാ മേഖലയായ ഗ്രീന്‍ സോണില്‍ സ്ഥിതിചെയ്യുന്ന പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് പ്രതിഷേധക്കാര്‍ ഇരച്ചുകയറിയത്. പാര്‍ലമെന്റിനകത്ത് പ്രക്ഷോഭകര്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളും വിളിച്ചു. ഷിയ മുസ്‌ലിം നേതാവ് മുഖ്തദ അല്‍ സദ്‌റിന്റെ നൂറുകണക്കിന് അനുയായികളാണ് പാര്‍ലമെന്റിലേക്ക് അതിക്രമിച്ച് കയറിയത്. ഇറാന്‍ അനുകൂല നേതാവായ മുന്‍ മന്ത്രി മുഹമ്മദ് ഷിയ അല്‍സുദാനിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനെതിരെയാണ് പ്രതിഷേധം. മൂന്ന് ദിവസം മുമ്പ്, പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താനുള്ള സമ്മേളനം ആളുകൾ പാർലമെന്‍റ് കയ്യേറിയതിനെ തുടർന്ന് റദ്ദാക്കിയിരുന്നു.
ജനക്കൂട്ടം ഇന്ന് വീണ്ടുമെത്തിയതോടെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ച് ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, വിവിധ വഴികളിലൂടെ ആളുകൾ എത്തിയതിനാൽ പൊലീസിന്‍റെ തന്ത്രങ്ങൾ ഫലിച്ചില്ല. സർക്കാർ സ്ഥാപനങ്ങൾക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമി പോലീസിനോട് ആവശ്യപ്പെട്ടു. പോലീസ് നടപടിയിൽ നിരവധി പ്രതിഷേധക്കാർക്ക് പരിക്കേറ്റെങ്കിലും അവർ പിൻമാറിയില്ല. ഇപ്പോൾ പാർലമെന്‍റ് മന്ദിരം ജനങ്ങളുടെ നിയന്ത്രണത്തിലാണ്.
ലോകത്ത് ഏറ്റവും അധികം എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യം ഇറാഖാണ്. ഇന്ത്യ കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങളിലൊന്ന് ഇറാഖാണ്. ഇവിടെ ആഭ്യന്തര പ്രശ്നങ്ങളുണ്ടാകുന്നത് ഇന്ത്യയ്ക്കും തിരിച്ചടിയാകും. ഇറാഖിലെ വിവാദങ്ങള്‍ എണ്ണവില ഉയരാൻ കാരണമാകുമോ എന്നാണ് സാമ്പത്തിക നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.