ലാഹോര്‍: ഐ.സി.സിയുടെ എലൈറ്റ് ലിസ്റ്റിൽ ഉൾപ്പെട്ട അമ്പയർ ആസാദ് റൗഫിന്റെ ഇപ്പോഴത്തെ അവസ്ഥയാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുന്നത്. 170 ലധികം അന്താരാഷ്ട്ര മത്സരങ്ങൾ നിയന്ത്രിച്ച റൗഫ് ഇപ്പോൾ വസ്ത്രങ്ങൾ വിറ്റാണ് ജീവിക്കുന്നത്.
2000 മുതൽ 2013 വരെ റൗഫ് അന്താരാഷ്ട്ര ക്രിക്കറ്റിനെ നിയന്ത്രിച്ചു. 2016ലാണ് താരത്തെ ബിസിസിഐ വിലക്കിയത്. 2013ലെ ഐപിഎൽ വാതുവെപ്പ് കേസിൽ വാതുവെപ്പുകാരിൽ നിന്ന് സമ്മാനങ്ങൾ സ്വീകരിച്ചതിന് വിലക്കേർപ്പെടുത്തിയിരുന്നു.അതിന് ഒരു വർഷം മുമ്പ് മുംബൈ സ്വദേശിയായ മോഡൽ റൗഫിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു.
പാകിസ്താനിലെ പ്രശസ്തമായ ലാൻഡ ബസാറിലാണ് ആസാദ് റൗഫിന്റെ കട സ്ഥിതി ചെയ്യുന്നത്. എന്നാല്‍ സാമ്പത്തിക പ്രയാസങ്ങളെ തുടര്‍ന്നല്ല റൗഫ് വസ്ത്ര വില്‍പ്പനശാല ആരംഭിച്ചത്. എന്ത് ജോലി ചെയ്താലും അതിന്റെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്ത് എത്തണം എന്നതാണ് തന്റെ ലക്ഷ്യം എന്ന് റൗഫ് പറയുന്നു.