Spread the love

വാഷിങ്ടണ്‍: ഇന്ത്യ, ഇസ്രായേൽ, യുഎഇ, യുഎസ് എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച പുതിയ സഖ്യത്തിന്റെ ആദ്യ യോഗം അടുത്ത മാസം നടക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ലോകത്തിന്റെ മറ്റ് ഭാഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും പുനരുജ്ജീവിപ്പിക്കാനും ബൈഡൻ ഭരണകൂടം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് പുതിയ സഖ്യത്തിന്റെ രൂപീകരണം. ഐ2യു2 എന്ന പേരിലായിരിക്കും സഖ്യം അറിയപ്പെടുക.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഇസ്രായേൽ പ്രധാനമന്ത്രി നെഫ്തൈൽ ബെന്നറ്റ്, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ അടുത്ത മാസം നടക്കുന്ന ആദ്യ വെർച്വൽ യോഗത്തിൽ പങ്കെടുക്കും. ഭക്ഷ്യസുരക്ഷാ പ്രതിസന്ധിയും രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും ആദ്യ യോഗത്തിൽ ചർച്ചയാകും.

പുതിയ സഖ്യത്തിലെ രാജ്യങ്ങൾ ടെക്‌നോളജി ഹബ്ബുകളാണെന്ന് വൈറ്റ് ഹൗസ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. ലോകത്ത് ഉയർന്ന ഡിമാൻഡുള്ള ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾക്കായി ഇന്ത്യ ഒരു വലിയ നിര്‍മ്മാതാവും , വിപണിയുമാണ്. അതിനാൽ സാങ്കേതികവിദ്യ, വ്യാപാരം, കാലാവസ്ഥ തുടങ്ങിയ വിഷയങ്ങളിൽ ഈ രാജ്യങ്ങൾക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

By newsten