എഫ്ടിഎക്സിന്റെ തകർച്ചയോടെ, ക്രിപ്റ്റോ എക്സ്ചേഞ്ചുകളുടെ പ്രവർത്തന രീതി ചൂടേറിയ ചർച്ചാവിഷയമാകുന്നു. ഈ സാഹചര്യത്തിലാണ് ബാങ്ക് ഓഫ് ഇന്റർനാഷണൽ എക്സ്ചേഞ്ച് (ബിഐഎസ്) ക്രിപ്റ്റോ എക്സ്ചേഞ്ച് ആപ്ലിക്കേഷനുകളുടെ ഡൗൺലോഡുകൾ സംബന്ധിച്ച ഡാറ്റ പ്രസിദ്ധീകരിച്ചത്. 2015-22 കാലയളവിൽ ഏറ്റവും കൂടുതൽ ക്രിപ്റ്റോ എക്സ്ചേഞ്ച് ആപ്ലിക്കേഷനുകൾ ഡൗണ്‍ലോഡ് ചെയ്ത രാജ്യങ്ങളിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 31.7 ദശലക്ഷം ഡൗൺലോഡുകളാണ് ഇക്കാലയളവിൽ ഇന്ത്യയിൽ നടന്നത്.
126.9 ദശലക്ഷം ഡൗൺലോഡുകളുമായി അമേരിക്കയാണ് പട്ടികയിൽ ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള തുർക്കി 44.2 ദശലക്ഷം ഡൗൺലോഡുകളാണ് ചെയ്തത്. ക്രിപ്റ്റോ ആപ്ലിക്കേഷനുകളുടെ ഉപയോഗത്തിൽ തുര്‍ക്കി, ഇന്ത്യ എന്നീ രാജ്യങ്ങളെക്കാള്‍ ബഹുദൂരം മുന്നിലാണ് അമേരിക്ക. ബ്രിട്ടൻ (23.5 ദശലക്ഷം), ബ്രസീൽ, ദക്ഷിണ കൊറിയ (15.3 ദശലക്ഷം), റഷ്യ (15.2 ദശലക്ഷം), ഇന്തോനേഷ്യ (14.8 ദശലക്ഷം), ജർമ്മനി (10.9 ദശലക്ഷം), ഫ്രാൻസ് (10.8) എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കു പിന്നിൽ നാലു മുതല്‍ പത്ത് വരെ സ്ഥാനങ്ങളിലുള്ളത്.
ബിറ്റ്കോയിന്റെ വില 20,000 ഡോളറിന് മുകളിലായിരുന്ന സമയത്താണ് ഈ ഡൗൺലോഡുകളിൽ ഭൂരിഭാഗവും നടന്നതെന്ന് ബിഐഎസ് പറയുന്നു. നിലവിൽ 17,000 ഡോളറിൽ താഴെയാണ് ബിറ്റ്കോയിന്റെ വില. കഴിഞ്ഞ ആറ് മാസത്തിനിടെ ബിറ്റ്കോയിന്റെ മൂല്യം 45.22 ശതമാനമാണ് ഇടിഞ്ഞത്.