തിരുവനന്തപുരം: സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 15ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാക ഉയർത്തും. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി പോലീസ്, അർദ്ധസൈനിക സേന, സൈനിക സ്കൂൾ, കുതിര പോലീസ്, എൻസിസി, സ്‌കൗട്ട് എന്നിവരുടെ പരേഡിൽ മുഖ്യമന്ത്രി ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും. ദേശീയഗാനം ആലപിക്കൽ, മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം, ദേശഭക്തിഗാനങ്ങൾ ആലപിക്കൽ എന്നിവയും ഉണ്ടാകും. ചടങ്ങിൽ മുഖ്യമന്ത്രി മെഡലുകൾ സമ്മാനിക്കും.
ജില്ലകളിൽ രാവിലെ 9 മണിക്കോ അതിനുശേഷമോ മന്ത്രിമാർ ദേശീയപതാക ഉയർത്തും. സർക്കാർ ഓഫീസുകൾ, സ്കൂളുകൾ, കോളേജുകൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ രാവിലെ 9 മണിക്കോ ശേഷമോ സ്വാതന്ത്ര്യദിനാഘോഷം നടക്കും.
എല്ലാ സർക്കാർ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, സ്കൂളുകൾ, കോളേജുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കണമെന്നു നിര്‍ദേശിച്ച് പൊതുഭരണ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. വകുപ്പ് മേധാവികളും സ്ഥാപന മേധാവികളും ഇക്കാര്യം ഉറപ്പാക്കണം. ആഘോഷവേളകളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. പ്ലാസ്റ്റിക് നിർമ്മിത ദേശീയ പതാകകൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തും. ആഘോഷവേളകളിൽ ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നും സർക്കുലറിൽ നിർദ്ദേശിക്കുന്നു.