Spread the love

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. 11 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇന്ന് മുതൽ ജൂലൈ 1 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് രാത്രി മാത്രമേ മഴയ്ക്ക് സാധ്യതയുള്ളൂ. കൊയിലാണ്ടി മുതൽ കാസർഗോഡ് വരെയുള്ള പ്രദേശത്ത് മഴമേഘങ്ങളുടെ സാന്നിധ്യമുണ്ടെങ്കിലും മഴയ്ക്ക് അനുകൂലമായ സാഹചര്യങ്ങൾ കുറവാണ്. താഴ്ന്ന തലത്തിലുള്ള കാറ്റ് തീരത്തിന് സമാന്തരമായി നീങ്ങുന്നതാണ് ഇതിന് കാരണം. അതേസമയം, കരിപ്പൂർ വിമാനത്താവളത്തിൽ പടിഞ്ഞാറ് ഭാഗത്തും ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഒന്നോ രണ്ടോ പ്രദേശങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

By newsten