പത്തനംതിട്ട: സംസ്ഥാനത്ത് കോവിഡിന് മുമ്പുള്ള കൂടുതൽ പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കുകയാണ്. കൊല്ലം-എറണാകുളം മെമു (കോട്ടയം വഴി), എറണാകുളം-കൊല്ലം മെമു (ആലപ്പുഴ വഴി), കൊല്ലം-ആലപ്പുഴ-കൊല്ലം പാസഞ്ചർ, കൊച്ചുവേളി-നാഗർകോവിൽ പാസഞ്ചർ എന്നിവ ജൂലൈ 11 മുതൽ സർവീസ് ആരംഭിക്കും, ഷൊർണൂർ-തൃശ്ശൂർ പാസഞ്ചർ ജൂലൈ 3 മുതലും, തൃശ്ശൂർ-കണ്ണൂർ പാസഞ്ചർ ജൂലൈ 4 മുതലും സർവീസ് ആരംഭിക്കും. പാസഞ്ചർ ട്രെയിനുകൾ അൺറിസർവ്ഡ് എക്സ്പ്രസ്സുകളായി പുനഃസ്ഥാപിക്കും. എക്സ്പ്രസ് നിരക്ക് ബാധകമാണെങ്കിലും കൗണ്ടറുകളിൽ നിന്ന് ടിക്കറ്റുകൾ ലഭിക്കും.
രാവിലെ 8.20ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് കോട്ടയം വഴിയുള്ള മെമു ഉച്ചയ്ക്ക് 12.30ന് എറണാകുളത്തെത്തും. രാത്രി 8.10ന് എറണാകുളത്തു നിന്ന് പുറപ്പെട്ട് ആലപ്പുഴ വഴി 11.35ന് കൊല്ലത്തെത്തും. ബുധനാഴ്ചകളിൽ രണ്ട് സർവീസുകളും ഉണ്ടാകില്ല. കൊല്ലം-ആലപ്പുഴ എക്സ്പ്രസ് ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9.05ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് രാവിലെ 11.15ന് ആലപ്പുഴയിലെത്തും. മടക്ക ട്രെയിൻ ഉച്ചയ്ക്ക് 1.50ന് ആലപ്പുഴയിൽ നിന്ന് പുറപ്പെട്ട് 3.45ന് കൊല്ലത്ത് എത്തും.
നാഗർകോവിൽ-കൊച്ചുവേളി അൺറിസർവ്ഡ് എക്സ്പ്രസ് രാവിലെ 7.55ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് 10.10ന് കൊച്ചുവേളിയിലെത്തും. മടക്ക ട്രെയിൻ ഉച്ചയ്ക്ക് 1.40ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് 4.25ന് നാഗർകോവിലിലെത്തും. ഷൊർണൂർ-തൃശൂർ റിസർവ്ഡ് എക്സ്പ്രസ് രാത്രി 10.10ന് പുറപ്പെട്ട് രാത്രി 11.10ന് തൃശൂരിലെത്തും.