Spread the love

തിരുവനന്തപുരം: വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ വ്യാപിച്ചുകിടക്കുന്ന ന്യുനമര്‍ദ്ദ പാത്തിയുടെയും അറബിക്കടലിലെ ശക്തമായ പടിഞ്ഞാറൻ കാറ്റിന്റെയും ഫലമായി അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ 25 വരെയുള്ള ദിവസങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ജൂൺ 24 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.

ജൂൺ 21 ന് വടക്കൻ കേരള തീരത്തും ജൂൺ 24, 25 തീയതികളിൽ കേരള തീരത്ത് പൊതുവായും ശക്തമായ കാറ്റിനും പ്രതികൂല കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂൺ 24, 25 തീയതികളിൽ കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ജൂൺ 21, 22, 23 തീയതികളിൽ ലക്ഷദ്വീപ് തീരത്തും ജൂൺ 22 ന് കർണാടക തീരത്തും ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ തീരങ്ങളിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിലും ഈ ദിവസങ്ങളിൽ മുന്നറിയിപ്പുള്ള മറ്റ് പ്രദേശങ്ങളിലും കടലിൽ പോകരുതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു.

By newsten