തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ജോലിസമയത്ത് ജീവനക്കാരുടെ വൻ പ്രകടനം. മുഖ്യമന്ത്രിക്കെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ചും മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിക്കാനുമായി സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു സമരം. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച പ്രകടനം 15 മിനിറ്റോളം നീണ്ടുനിന്നു. 300 ലധികം ജീവനക്കാർ പ്രകടനത്തിൽ പങ്കെടുത്തു.
ഉച്ചയ്ക്ക് 1.15 മുതലാണ് സെക്രട്ടേറിയറ്റിലെ ഉച്ചഭക്ഷണ സമയം. എന്നാൽ, ഇതിന് മുൻപാണ് എംപ്ലോയീസ് അസോസിയേഷൻ അംഗങ്ങൾ മുഖ്യമന്ത്രിയെ പിന്തുണച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രകടനം നടത്തിയത്.