തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട പരിശോധനകൾ ആരംഭിച്ചു. മന്ത്രി ജി.ആർ.അനിൽ കോഴിക്കോട്ടെ സ്കൂളുകളിൽ പരിശോധന നടത്തി. ചില സ്കൂളുകളിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായ സാഹചര്യത്തിലാണിത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്തെ വിവിധ സ്കൂളുകളിൽ പരിശോധന നടത്തും
ഉച്ചഭക്ഷണ അടുക്കള, പാത്രങ്ങൾ, വാട്ടർ ടാങ്ക്, ശൗചാലയങ്ങൾ, ഉച്ചഭക്ഷണ സാധനങ്ങളുടെ കാലപ്പഴക്കം എന്നിവ പരിശോധിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ്, പൊതുവിതരണ വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് ഇന്ന് മുതൽ പരിശോധന. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ. അനിൽ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ഒരാഴ്ചയ്ക്കുള്ളിൽ എല്ലാ സ്കൂളുകളിലെയും കുടിവെള്ള പരിശോധന വാട്ടർ അതോറിട്ടിയുടെയും മറ്റ് വകുപ്പുകളുടെയും സഹകരണത്തോടെ പൂർത്തിയാക്കും. ആറുമാസത്തിലൊരിക്കൽ കുടിവെള്ള പരിശോധന നടത്തുകയും ജില്ലകളിലെ ഉച്ചഭക്ഷണ സൂപ്പർവൈസർമാരും ഉപജില്ലാ തലങ്ങളിലെ ഉച്ചഭക്ഷണ ഉദ്യോഗസ്ഥരും സ്കൂളുകൾ സന്ദർശിക്കുകയും ചെയ്യും. വിദ്യാർത്ഥികൾക്ക് ശുചിത്വ ബോധവൽക്കരണം നൽകും. പാചകക്കാർക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശീലനം നൽകും.