തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ സ്വീകരിച്ച് വിദ്യാഭ്യാസ വകുപ്പ്. സ്കൂളുകളിലെ ഭക്ഷ്യവസ്തുക്കളുടെ സ്റ്റോക്കും ഗുണനിലവാരവും പരിശോധിക്കും. പഴയ സ്റ്റോക്ക് ഇല്ലെന്ന് ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്. നാളെ വിദ്യാഭ്യാസ മന്ത്രി ഭക്ഷ്യമന്ത്രിയുമായി ചർച്ച നടത്തും.
കുട്ടികളിൽ ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടത്തും. പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയത്. സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജും റിപ്പോർട്ട് തേടിയിട്ടുണ്ട്.
കായംകുളം, കൊല്ലം എന്നിവിടങ്ങളിലാണ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രിക്ക് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമഗ്രമായ അന്വേഷണം നടത്താൻ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകിയത്. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻ ബാബുവിനാണ് അന്വേഷണച്ചുമതല. വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച കുട്ടികളും സ്കൂളിൽ വരാത്തവരും രോഗബാധിതരായി ആശുപത്രിയിൽ ചികിത്സ തേടിയെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്.