Spread the love

തിരുവനന്തപുരം: സ്കൂളുകളിലെ ഭക്ഷ്യവിഷബാധ ഗൗരവമായി കാണുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഈ വിഷയത്തിൽ നാം ജാഗ്രത പുലർത്തേണ്ടതുണ്ട്. തിങ്കളാഴ്ച മുതൽ ഇതിനുള്ള നടപടികൾ സ്വീകരിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. സ്കൂളുകളിലെയും അങ്കണവാടികളിലെയും ഭക്ഷ്യവിഷബാധയെക്കുറിച്ച് ആരോഗ്യമന്ത്രി വീണാ ജോർജും റിപ്പോർട്ട് തേടിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ കമ്മീഷണർക്കും വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർക്കും മന്ത്രി അന്വേഷണം നടത്താൻ നിർദേശം നൽകി. സ്കൂളുകളിലും അങ്കണവാടികളിലും ഭക്ഷണം തയ്യാറാക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. ശുചിത്വം പാലിക്കണം. ഇവർക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശീലനം നൽകും. ഭക്ഷണസാധനങ്ങളും കുടിവെള്ളവും തുറന്നിടരുത്. ബോധവത്കരണം ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

കായംകുളത്തും കൊട്ടാരക്കരയിലും കുട്ടികൾക്ക് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തു. കായംകുളം പുത്തൻ റോഡ് യു.പി സ്കൂളിലെ 20 വിദ്യാർത്ഥികളും കൊട്ടാരക്കര കല്ലുവാതുക്കൽ അങ്കണവാടിയിലെ നാൽ കുട്ടികളുമാണ് ചികിത്സ തേടിയത്. സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ചതാണ് കാരണമെന്നാണ് മാതാപിതാക്കളുടെ പരാതി. വിഴിഞ്ഞത്തും 35 സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു.

By newsten