കൊൽക്കത്ത: പ്രശസ്ത ഗായകനും മലയാളിയുമായ കെ.കെ എന്ന കൃഷ്ണകുമാർ കുന്നത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിൽ രാഷ്ട്രീയ വിവാദം പുകയുന്നു. കെകെയുടെ മരണത്തിൽ പശ്ചിമ ബംഗാളിലെ മമതാ ബാനർജി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ ബിജെപി ഉപാധ്യക്ഷൻ ദിലീപ് ഘോഷ്. കെകെയുടെ സംഗീത പരിപാടി നടന്ന കൊൽക്കത്തയിലെ നസ്രുൽ മഞ്ച ഓഡിറ്റോറിയം തകർന്ന അവസ്ഥയിലാണെന്നും കൊൽക്കത്തയിലെ ഭരണകൂടമാണ് ഇതിന് ഉത്തരവാദികളെന്നും ഘോഷ് ആരോപിച്ചു.
കെകെയുടെ അസ്വാഭാവിക മരണത്തിന്റെ പശ്ചാത്തലത്തിൽ കൊൽക്കത്തയിലെ ന്യൂ മാർക്കറ്റ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. കെ.കെയുടെ മുഖത്തും തലയിലും മുറിവുകളുണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. കെകെയുടെ മൃതദേഹം ഇന്ന് കൊൽക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. മൃതദേഹം വ്യാഴാഴ്ച മുംബൈയിൽ സംസ്കരിക്കും.
സംഗീത പരിപാടി നടന്ന വേദിയിൽ അനുവദനീയമായതിലും കൂടുതൽ ആളുകൾ ഉണ്ടായിരുന്നതായാണ് സൂചന. പാസുള്ളവരും ഇല്ലാത്തവരും പരിപാടി നടന്ന ഓഡിറ്റോറിയത്തിൽ പ്രവേശിച്ചിരുന്നു. 2,500-3,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഓഡിറ്റോറിയത്തിൽ അതിന്റെ ഇരട്ടിയിലധികം ആളുകൾ ഉണ്ടായിരുന്നതായി പരിപാടിയിൽ പങ്കെടുത്തവരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിപാടിക്കെത്തിയ ആളുകളുടെ തിരക്ക് കാരണം ഓഡിറ്റോറിയത്തിന്റെ പല വാതിലുകളും തകർന്നു. ഓഡിറ്റോറിയത്തിനുള്ളിലെ കൈവരികൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ തീ അണയ്ക്കാൻ ഉപയോഗിച്ച ഉപകരണം പൊലീസ് ഉപയോഗിച്ചതായും റിപ്പോർട്ടുകളുണ്ട്.