Spread the love

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ മെയ് മാസത്തെ റിപ്പോർട്ട് പ്രകാരം വിലക്കയറ്റം രാജ്യത്ത് ഏറ്റവും ഫലപ്രദമായി പിടിച്ചു നിര്‍ത്തിയ സംസ്ഥാനം കേരളമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേരളത്തിലെ ഉപഭോക്തൃ വില സൂചിക (സിപിഐ) ഏപ്രിലിലെ 5.1 ശതമാനത്തിൽ നിന്ന് മെയ് മാസത്തിൽ 4.82 ശതമാനമായി കുറഞ്ഞതായി ധനമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ദേശീയ ശരാശരി 7.04 ആയിരിക്കെയാണ് കേരളത്തിന്റെ ഏറ്റവും മികച്ച പ്രകടനം. ശക്തമായ പൊതുവിതരണ സമ്പ്രദായവും പൊതുവിപണിയിൽ സർക്കാരിന്റെ ഫലപ്രദമായ ഇടപെടലുകളുമാണ് ഇതിന് കേരളത്തെ പ്രാപ്തരാക്കിയത്. സപ്ലൈകോ വഴി സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്ന 13 ഇനം അവശ്യവസ്തുക്കളുടെ വില കഴിഞ്ഞ ആറ് വർഷമായി സംസ്ഥാനത്ത് വർദ്ധിപ്പിച്ചിട്ടില്ല.

കഴിഞ്ഞ 12 മാസമായി രാജ്യത്തെ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പമുള്ള സംസ്ഥാനം കൂടിയാണ് കേരളം. ഇടതുപക്ഷം രാജ്യത്തിന് മുന്നിൽ വെക്കുന്ന ബദൽ വികസന രാഷ്ട്രീയത്തിന്റെ വിജയമാണ് ഈ കണക്കുകൾ തെളിയിക്കുന്നതെന്നും ബാലഗോപാൽ പറഞ്ഞു.

By newsten