കൊച്ചി: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് കെ.ടി ജലീൽ നൽകിയ ഗൂഢാലോചനാ പരാതിയിൽ പി.സി. ജോർജിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. വെള്ളിയാഴ്ച തിരുവനന്തപുരത്ത് വച്ചാവും ചോദ്യം ചെയ്യൽ.
വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു പി സിക്ക് നൽകിയ നിർദ്ദേശം. എന്നാൽ അന്ന് അസൗകര്യം ഉണ്ടെന്ന് പി സി പറഞ്ഞു. ഇതേതുടർന്നാണ് വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകുന്നത്. കേസിൽ സ്വപ്ന സുരേഷും പി.സി ജോർജുമാണ് പ്രതികൾ.
ഗൂഢാലോചനക്കേസിൽ ചോദ്യം ചെയ്യലിനായി സ്വപ്ന സുരേഷിന് നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇ.ഡിയും പൊലീസും ഒരേ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടെന്നായിരുന്നു സ്വപ്നയുടെ വിശദീകരണം. ഇതോടെ സ്വപ്നയ്ക്ക് വീണ്ടും നോട്ടീസ് നൽകാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. നേരത്തെ കേസിൽ ഷാജ് കിരൺ, സരിത്ത് എന്നിവരെയും ചോദ്യം ചെയ്തിരുന്നു.