Spread the love

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മൂന്നിലൊന്ന് ജീവനക്കാർക്കും കംപ്യൂട്ടർ പ്രവർത്തിപ്പിക്കാൻ അറിയില്ല. ഇ ഗവേണൻസ് ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായി കോർപറേഷൻ നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്. കേന്ദ്ര ഫണ്ട് ഉൾപ്പെടെ പ്രതിവർഷം 1,000 കോടി രൂപയുടെ ക്രയവിക്രയം നടക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ തദ്ദേശ സ്വയംഭരണ സ്ഥാപനമാണിത്.

ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ 441 ജീവനക്കാരിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. 142 പേർ മാത്രമാണ് തങ്ങൾക്ക് കമ്പ്യൂട്ടർ പരിശീലനം ലഭിച്ചതായി വെളിപ്പെടുത്തിയത്. ഇതിനർത്ഥം മൊത്തം ജീവനക്കാരിൽ 32% പേർക്ക് മാത്രമേ അത്യാവശ്യത്തിനെങ്കിലും ഒരു കമ്പ്യൂട്ടർ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയൂ. കോർപ്പറേഷന്റെ വട്ടിയൂർക്കാവ് സോണൽ ഓഫീസിൽ നിന്നും ജനകീയാസൂത്രണ വകുപ്പിൽ നിന്നും ഒരാൾക്ക് പോലും കംപ്യൂട്ടർ പരിശീലനം ലഭിച്ചിട്ടില്ലെന്ന് സർവേ കണ്ടെത്തി.

ഉദ്യോഗസ്ഥരുടെ കംപ്യൂട്ടർ പരിജ്ഞാനമില്ലായ്മയാണ് അടുത്തിടെ കോർപ്പറേഷൻ ഭരണസമിതിയെ പിടിച്ചുകുലുക്കിയ നികുതിപ്പണം തട്ടിപ്പ് കണ്ടെത്താൻ കഴിയാത്തതിന് കാരണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് എല്ലാ ജീവനക്കാർക്കും കംപ്യൂട്ടർ പരിശീലനം നൽകാൻ തീരുമാനിച്ചത്. സാംഖ്യ സോഫ്റ്റ് വെയർ പരിശോധിച്ച് സോണൽ ഓഫീസുകളിൽ നിന്ന് പണം നൽകിയിട്ടുണ്ടോ എന്ന് ഉന്നത ഉദ്യോഗസ്ഥർക്ക് അറിയാൻ കഴിയും. സോഫറ്റ്‌വെയർ ഉപയോഗിക്കാൻ അറിയാത്തതു കാരണം ‘റീ കൺസീലിയേഷൻ’ നടന്നിട്ടുണ്ടോയെന്ന് ഉന്നത ഉദ്യോഗസ്ഥർ പരിശോധിക്കാത്തതാണ് തട്ടിപ്പിനിടയാക്കിയത്.

By newsten