ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സായുധ സേനയിൽ ഘടനാപരമായ മാറ്റം വേണമെന്ന് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ് മാറ്റങ്ങൾ നടക്കുന്നതെന്ന് അജിത് ഡോവൽ പറഞ്ഞു. സേനയിൽ അത്തരമൊരു അനിവാര്യമായ പരീക്ഷണം മുമ്പൊരിക്കലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കരസേനയ്ക്ക് പിന്നാലെ ഇന്ത്യൻ വ്യോമസേനയും അഗ്നിപഥ് റിക്രൂട്ട്മെൻ്റിനായി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ ജൂലൈ 5 വരെയാണ് എയർഫോഴ്സ് രജിസ്ട്രേഷൻ.
ഓൺലൈൻ പരീക്ഷ അടുത്ത മാസം 24ന് നടക്കും. പത്താംക്ലാസ് അല്ലെങ്കിൽ പ്ലസ് ടു പാസായവർക്ക് വ്യോമസേനയിൽ ചേരാൻ അർഹതയുണ്ട്. മൂവായിരം പേർക്കാണ് ഇക്കൊല്ലം അഗ്നിവീറുകളായി നിയമനം. മൂന്ന് സേനകളുടെയും പത്രസമ്മേളനം ഇന്ന് വീണ്ടും വിളിച്ചു. സൈനിക മേധാവികൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
കരസേന അഗ്നീപഥ് പദ്ധതിയുടെ വിജ്ഞാപനം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ആർമി രജിസ്ട്രേഷൻ അടുത്ത മാസമാണ്. 10, 8 ക്ലാസുകൾ പാസായവർക്ക് സേനയിലെ വിവിധ തസ്തികകളിൽ അവസരം ലഭിക്കും. 25 ശതമാനം പേർക്ക് നാല് വർഷത്തെ സേവനത്തിന് ശേഷം 15 വർഷം കൂടി തുടരാൻ അവസരം ലഭിക്കുമെന്ന് കരസേന പുറത്തിറക്കിയ 19 പേജുള്ള വിജ്ഞാപനത്തിൽ പറയുന്നു. എന്നിരുന്നാലും, വിമുക്തഭടൻമാരുടെ പദവി, വിമുക്തഭടൻമാരുടെ ആരോഗ്യ പദ്ധതി, കാന്റീൻ സൗകര്യം എന്നിവ അഗ്നിവീറുകൾക്ക് ഉണ്ടാകില്ല.