Spread the love

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോരാളികളെന്ന് വിശേഷിപ്പിച്ച് ഷാഫി പറമ്പിൽ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്. വിമാനത്തിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ്‌ നേതാക്കളായ മൂന്ന് പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവർക്ക് ജാമ്യവും സുജിത് നാരായണന് മുൻകൂർ ജാമ്യവും ലഭിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

“പ്രിയപ്പെട്ടവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പോരാളികൾക്ക് അഭിവാദ്യങ്ങൾ. മുഖ്യമന്ത്രിയുടെ വധശ്രമം എന്ന കള്ളക്കേസിനെതിരായ നിയമപോരാട്ടവും പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന അധികാരത്തിന്റെ ധാർഷ്ട്യത്തിനെതിരായ രാഷ്ട്രീയ പോരാട്ടവും തുടരുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

വിമാനത്തിൽ നടന്നത് വെറും മുദ്രാവാക്യം വിളി മാത്രമാണെന്നും അതിനായി വധശ്രമത്തിന് കേസെടുക്കാൻ കഴിയില്ലെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു. വിമാനം ലാൻഡ് ചെയ്തപ്പോൾ രണ്ട് തവണ മാത്രമാണ് മുദ്രാവാക്യം വിളിച്ചതെന്നും ഹർജിയിൽ പറയുന്നു. ഹൈക്കോടതിയിൽ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പ്രതികളുടെ അഭിഭാഷകൻ ഈ വാദം ഉന്നയിച്ചത്. മുഖ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും പ്രതികൾ പറഞ്ഞു.

By newsten