തിരുവനന്തപുരം : വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച സംഭവത്തിൽ പ്രതികൾ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതിയിൽ ജാമ്യാപേക്ഷ നൽകും. കേസ് ജില്ലാ കോടതിയിലേക്ക് മാറ്റിയതോടെ മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളി. കോടതി മാറ്റരുതെന്ന പ്രതിഭാഗത്തിന്റെ വാദം മജിസ്ട്രേറ്റ് കോടതി തള്ളി. കേസിലെ ഒന്നാം പ്രതി ഗുണ്ട ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
മുഖ്യമന്ത്രിക്കെതിരായ വിമാന സമരക്കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് എറണാകുളത്ത് യോഗം ചേരും. ഇൻഡിഗോ എയർലൈനിൽ നിന്ന് വിമാനത്തിലെ എല്ലാ യാത്രക്കാരുടെയും വിശദാംശങ്ങളും ഉദ്യോഗസ്ഥർ ശേഖരിച്ചു. കേസിലെ ഗൂഡാലോചന പുറത്തുകൊണ്ടുവരുന്ന തരത്തിൽ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് എസ്പി പ്രജീഷ് തോട്ടത്തിലിന് ഡിജിപി നിർദേശം നൽകി. കേസിൽ ഒളിവിൽ കഴിയുന്ന മൂന്നാം പ്രതി സുനിത് നാരായണനുവേണ്ടി പൊലീസ് ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും.
ഫർസീൻ മജീദിനെയും നവീൻ കുമാറിനെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകും. അതേസമയം, കേസിലെ സഹയാത്രികരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറാണ് യാത്രക്കാരുടെ മൊഴി രേഖപ്പെടുത്തിയത്.