പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഹൈദരാബാദും ചെന്നൈയും സന്ദർശിക്കും. ഉച്ചയ്ക്ക് 2 മണിക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് ഹൈദ്രാബാദിന്റെ 20 വർഷം പൂർത്തിയാക്കിയതിൻറെ ആഘോഷത്തിൽ പങ്കെടുക്കുകയും 2022 ലെ ബിരുദാനന്തര ബിരുദ (പി.ജി.പി) ക്ലാസിൻറെ ബിരുദദാനച്ചടങ്ങിൽ പ്രധാനമന്ത്രി പ്രസംഗിക്കുകയും ചെയ്യും. വൈകിട്ട് 5.45ന് ചെന്നൈയിലെ ജെഎൽഎൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി 31,400 കോടിയിലധികം രൂപയുടെ 11 പദ്ധതികൾക്ക് തറക്കല്ലിടുകയും അവ രാജ്യത്തിന് സമർപ്പിക്കുകയും ചെയ്യും.
ഈ പദ്ധതികൾ ചെന്നൈ മേഖലയുടെ സാമൂഹിക-സാമ്പത്തിക അഭിവൃദ്ധി ഗണ്യമായി മെച്ചപ്പെടുത്തുകയും വിവിധ മേഖലകളിൽ പരിവർത്തനാത്മകമായ സ്വാധീനം ചെലുത്തുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 2,900 കോടിയിലധികം രൂപയുടെ അഞ്ച് പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. 500 കോടിയിലധികം രൂപ ചെലവിൽ നിർമ്മിച്ച 75 കിലോമീറ്റർ ദൈർഘ്യമുള്ള മധുര-തേനി (റെയിൽവേ ഗേജ് പരിവർത്തന പദ്ധതി) പ്രവേശനക്ഷമത സുഗമമാക്കുകയും ഈ മേഖലയിലെ ടൂറിസത്തിന് ഉത്തേജനം നൽകുകയും ചെയ്യും.
താംബരത്തിനും ചെങ്കൽപേട്ടിനും ഇടയിൽ 590 കോടി രൂപ ചെലവിൽ നിർമ്മിച്ച 30 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്നാം റെയിൽപ്പാത കൂടുതൽ സബർബൻ സർവീസുകളുടെ പ്രവർത്തനം സുഗമമാക്കുകയും അതുവഴി കൂടുതൽ ചോയ്സ് (ഓപ്ഷൻ) നൽകുകയും യാത്രക്കാരുടെ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും.