Spread the love

രാജസ്ഥാൻ : രാജ്യസഭാ തിരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടത്തിന് കളമൊരുങ്ങിയ രാജസ്ഥാനിൽ മൂന്ന് സീറ്റുകളിൽ കോൺഗ്രസ്‌ വിജയിച്ചു. രൺദീപ് സുർജേവാല, മുകുൾ വാസ്നിക്, പ്രമോദ് തിവാരി എന്നിവരാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചു. ഘനശ്യാം തിവാരിയാണ് വിജയിച്ചത്. ബിജെപി പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥി സുഭാഷ് ചന്ദ്ര പരാജയപ്പെട്ടു. രാജസ്ഥാനിൽ നാലു സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. നിലവിലെ അംഗസംഖ്യ പ്രകാരം കോൺഗ്രസ് രണ്ട് സീറ്റും ബിജെപി ഒരു സീറ്റും നേടും എന്ന സ്ഥിതിയായിരുന്നു. മൂന്നാം സീറ്റിൽ പ്രമോദ് തിവാരിയെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത്. അതേസമയം, നാലാം സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥി സുഭാഷ് ചന്ദ്രയെ പിന്തുണയ്ക്കാൻ ബിജെപി തയ്യാറായതോടെ മത്സരം രൂക്ഷമായി. കോൺഗ്രസിൽ നിയമസഭയിൽ 108 അംഗങ്ങളാണുള്ളത്. ബി.ജെ.പിക്ക് 71 അംഗങ്ങളും. സ്വതന്ത്രർ 13, ആർഎൽപി 3, സിപിഎം, ബിടിപി 3 എന്നിങ്ങനെയാണ് നില. മൂന്ന് സീറ്റുകളിൽ വിജയിക്കാൻ കോൺഗ്രസിന് 123 വോട്ടുകളാണ് വേണ്ടിയിരുന്നത്. എന്നാൽ സുഭാഷ് ചന്ദ്രയെ വിജയിപ്പിക്കാനുള്ള എല്ലാ തന്ത്രങ്ങളും ബിജെപി പയറ്റിയപ്പോൾ മറ്റൊരു റിസോർട്ട് രാഷ്ട്രീയത്തിന് കൂടി വേദിയായി സംസ്ഥാനം മാറി. തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ്‌ തങ്ങളുടെ എല്ലാ എംഎൽഎമാരെയും റിസോർട്ടിലേക്ക് മാറ്റിയിരുന്നു. അതേസമയം, ബിഎസ്പിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്ന ആറ് എംഎൽഎമാർക്ക് സുഭാഷ് ചന്ദ്രയ്ക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിഎസ്പി വിപ്പ് നൽകിയത് കോൺഗ്രസന് തിരിച്ചടിയായി. എന്നാൽ, വിപ്പ് തിരഞ്ഞെടുപ്പിൽ ബാധകമല്ലെന്ന് കമ്മിഷൻ വ്യക്തമാക്കി.

By newsten