ചണ്ഡീഗഢ്: പഞ്ചാബിൽ പുതിയ മദ്യനയം നിലവിൽ വരുന്നതോടെ ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ (ഐഎംഎഫ്എൽ) വില ഗണ്യമായി കുറയാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ആം ആദ്മി പാർട്ടി സർക്കാരിന്റെ 2022-23 വർഷത്തെ മദ്യനയം ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്നതോടെ മദ്യത്തിന്റെ വില 35 ശതമാനം മുതൽ 60 ശതമാനം വരെ കുറയും.
എത്ര മദ്യം വാങ്ങാമെന്ന പരിധി നീക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പുതിയ മദ്യനയം അനുസരിച്ച് ഓരോ മദ്യനിർമ്മാതാവിനും പ്രത്യേകം വിതരണക്കാരെ നിയമിക്കും. അവർ ചില്ലറ വിൽപ്പനക്കാർക്ക് മദ്യം എത്തിക്കും. സംസ്ഥാനത്ത് പുതിയ ഡിസ്റ്റിലറികൾ സ്ഥാപിക്കുന്നതിനുള്ള വിലക്ക് നീക്കാനും തീരുമാനമായിട്ടുണ്ട്.
പഞ്ചാബിൽ ബിയറിന്റെ വില ഹരിയാനയിലേതിനേക്കാൾ 10-15 ശതമാനം കുറയും. ഇതനുസരിച്ച് കുപ്പിയുടെ വില 20 രൂപയോളം കുറവുണ്ടാകും. പഞ്ചാബിൽ നിലവിൽ 700 രൂപയ്ക്ക് വിൽക്കുന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ വില 400 രൂപയായി കുറയും.