Spread the love

ഇസ്‍ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന പാകിസ്ഥാനിൽ ഇന്ധനവില കുതിച്ചുയരുന്നു. ഒറ്റ ദിവസം കൊണ്ട് 24 രൂപ വർദ്ധിച്ചതോടെ ഒരു ലിറ്റർ പെട്രോളിന്റെ വില 233.89 രൂപയായി ഉയർന്നു. 16.31 രൂപ വർദ്ധിച്ചതോടെ ഡീസൽ വിലയും റെക്കോർഡ് വിലയായ 263.31 രൂപയിലെത്തി. കഴിഞ്ഞ 20 ദിവസമായി ഇന്ധനം ഉൾപ്പെടെയുള്ളവയ്ക്കെല്ലാം പാകിസ്ഥാനിൽ വൻ വിലയാണ്.

പുതുക്കിയ ഇന്ധന വില ജൂൺ 15 അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വന്നതായി പാകിസ്ഥാൻ ധനമന്ത്രി മിഫ്താ ഇസ്മായിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മണ്ണെണ്ണയുടെ വിലയും വർധിച്ചു. മണ്ണെണ്ണയുടെ വില ലിറ്ററിന് 29.49 രൂപ ഉയർന്ന് 211.43 രൂപയായി. ലൈറ്റ് ഡീസൽ ലിറ്ററിന് 29.16 രൂപ ഉയർന്ന് 207.47 രൂപയായി. വില വർദ്ധിപ്പിക്കുകയല്ലാതെ സർക്കാരിന് മറ്റ് മാർഗമില്ലെന്ന് ധനമന്ത്രി പറഞ്ഞു.

കഴിഞ്ഞ 20 ദിവസത്തിനിടെ പെട്രോളിന് 84 രൂപയാണ് കൂടിയത്. അന്താരാഷ്ട്രതലത്തിൽ പെട്രോളിനു ലിറ്ററിന് 120 ഡോളറാണ് വില. പെട്രോൾ സബ്സിഡിക്കായി 120 ബില്യൻ രൂപയാണ് പാകിസ്ഥാൻ ചെലവഴിക്കുന്നത്. 30 വർഷമായി രാജ്യത്തെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ഇത്തരം ഒരു പണപ്പെരുപ്പം ഉണ്ടായിട്ടില്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

By newsten