Spread the love

മുംബൈ: മഹാരാഷ്ട്രയിൽ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയിൽ ബിജെപി നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി ഏക്നാഥ് ഷിൻഡെ. പുതിയ പാർട്ടിയും സർക്കാരും രൂപീകരിക്കുന്നത് ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുത്തതായാണ് റിപ്പോർട്ട്. അസമിലെ ഗുവാഹത്തിയിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഷിൻഡെ ഇന്നലെ രാത്രി വഡോദരയിലെത്തിയത്. ഫട്നാവിസുമായുള്ള ചർച്ചകൾക്ക് ശേഷം ഷിൻഡെ ബിജെപി ഭരിക്കുന്ന അസമിലെ പ്രധാന നഗരത്തിലേക്ക് മടങ്ങി. 40 വിമത സേന എംഎൽഎമാർ ഇവിടെയാണ് ഉള്ളത്.

‘ശിവസേന ബാലാസാഹേബ് താക്കറെ’ എന്ന പേരിൽ ഏക്നാഥ് ഷിൻഡെ പുതിയ പാർട്ടി രൂപീകരിച്ചേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് ശിവസേന പരസ്യമായി രംഗത്തുവന്നത്. “ശിവസേനയുടെയോ ബാലാസാഹേബിന്റെയോ പേര് ദുരുപയോഗം ചെയ്ത് ഒരു പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ഷിൻഡെ ശ്രമിക്കുന്നുവെന്നും, ഏക്നാഥ് ഷിൻഡെയും മറ്റുള്ളവരും അവർക്ക് ഇഷ്ടമുള്ള ഏതെങ്കിലും രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിൽ നിന്ന് ഞങ്ങൾക്ക് തടയാൻ കഴിയില്ലെങ്കിലും, ശിവസേനയുടെയോ ബാലാസാഹേബിന്റെയോ പേരിൽ അത്തരം ഏതെങ്കിലും പാർട്ടി രൂപീകരിക്കുന്നതിനെ ഞങ്ങൾ ശക്തമായി എതിർക്കുന്നു”വെന്നും ശിവസേന തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തിൽ പറയുന്നു.

ഷിൻഡെയുടെ വരാനിരിക്കുന്ന നീക്കങ്ങൾ കണക്കിലെടുത്ത് സംഘടനയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ ഉദ്ധവ് താക്കറെയ്ക്ക് പാർട്ടി ദേശീയ എക്സിക്യൂട്ടീവ് അധികാരം നൽകിയിട്ടുണ്ട്. ഷിൻഡെയ്ക്കൊപ്പം അസംതൃപ്തനായ മറ്റൊരു പാർട്ടി നേതാവും മുൻ മന്ത്രിയുമായ രാംദാസ് കദമും നടപടി നേരിടേണ്ടി വരും.

By newsten