മഹാരാഷ്ട്ര : മഹാരാഷ്ട്രയിലെ പ്രതിസന്ധിയെ ശിവസേന അതിജീവിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കോൺഗ്രസ് എംഎൽഎമാരുടെ കാര്യത്തിൽ ആശങ്കയില്ല. ഇന്നത്തെ മീറ്റിംഗിൽ ഒരാളൊഴികെ എല്ലാവരും പങ്കെടുത്തു. വിദേശത്തുള്ള ഒരാളെ തിരിച്ചുവിളിച്ചതായി കെസി വേണുഗോപാൽ ഡൽഹിയിൽ പറഞ്ഞു.
ഭൂരിപക്ഷമില്ലെങ്കിൽ രാജിവയ്ക്കാമെന്നാണ് കോൺഗ്രസ് നിലപാട്. വിഷയത്തിൽ കോൺഗ്രസ് നിലപാട് ശിവസേനയെയും എൻസിപിയെയും അറിയിച്ചിട്ടുണ്ട്. വിശ്വാസവോട്ടെടുപ്പിൽ കൂടുതൽ പരാജയം നേരിടേണ്ടി വരുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. കോൺഗ്രസ് ക്യാമ്പിലെ ചോർച്ചയിൽ ദേശീയ നേതൃത്വത്തിനും ആശങ്കയുണ്ട്.
അതേസമയം, കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. പ്രക്ഷോഭത്തിന്റെ അടുത്ത ഘട്ടം അഗ്നിപഥിനെതിരെയായിരിക്കുമെന്നും വേണുഗോപാൽ പറഞ്ഞു. രാഹുൽ ഗാന്ധിയെ ഇഡി രാഷ്ട്രീയ പ്രേരിതമായി ചോദ്യം ചെയ്യുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് ഡൽഹിയിൽ വൻ പ്രതിഷേധം നടത്തിയിരുന്നു.