തിരുവനന്തപുരം: ശമ്പളം മുടങ്ങിയതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ഇന്ന് മുതൽ വീണ്ടും പണിമുടക്കും. സിഐടിയുവും ഐഎൻടിയുസിയും രാവിലെ മുതൽ കെഎസ്ആർടിസി ആസ്ഥാനത്തിന് മുന്നിൽ സമരം ആരംഭിക്കും. അഞ്ചാം തീയതി കഴിഞ്ഞിട്ടും ശമ്പളം നൽകാത്തതിനെ തുടർന്നാണ് യൂണിയനുകൾ പണിമുടക്കുന്നത്. നാളെ എഐടിയുസിയുടെ സമര കൺവെൻഷൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ബസ് സർവീസുകൾ തടസപ്പെടുത്താതെയാണ് യൂണിയനുകൾ പണിമുടക്കുന്നത്.
അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകണമെന്നാണ് യൂണിയനുകളുടെ ആവശ്യം. ഇത് നടക്കാതെ വന്നതോടെ സിഐടിയു തന്നെ ഇത്തവണ സമരം തുടങ്ങി. രാവിലെ മുതൽ വൈകുന്നേരം വരെ അനിശ്ചിതകാല സമരം നടത്താനാണ് തീരുമാനം. കെ.എസ്.ആർ.ടി.സി ആസ്ഥാനത്തിന് മുന്നിൽ ഐ.എൻ.ടി.യു.സി നടത്തുന്ന രാപ്പകൽ സമരത്തിനും ഇന്ന് തുടക്കമാകും. കെ.എസ്.ആർ.ടി.സി.യിലെ ശമ്പളപ്രശ്നത്തിന് പരിഹാരം കാണാത്തതിൽ സി.പി.ഐക്കും കടുത്ത അതൃപ്തിയുണ്ട്.
ശമ്പള വിതരണത്തിന് ആവശ്യമായ 85 കോടി രൂപയിൽ 65 കോടി രൂപയാണ് മാനേജ്മെന്റ് സർക്കാരിനോട് ആവശ്യപ്പെടുന്നത്. എന്നാൽ, തുക എപ്പോൾ നൽകുമെന്ന് മാനേജ്മെന്റിനെ സർക്കാർ ഇതുവരെ അറിയിച്ചിട്ടില്ല. സർക്കാരിന് എന്നെന്നേക്കുമായി സഹായം നൽകാൻ കഴിയില്ലെന്ന് കഴിഞ്ഞ തവണ പണം അനുവദിച്ചപ്പോൾ ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കിയിരുന്നു.