തിരുവനന്തപുരം: പൗരത്വ ഭേദഗതി ബിൽ വിഷയത്തിൽ സംസ്ഥാനം മുൻ നിലപാടിൽ ഉറച്ചുനിൽക്കുമെന്നും ഭരണഘടനയിൽ പറഞ്ഞതിന് വിരുദ്ധമായി പൗരത്വം നിർണയിക്കാൻ ആർക്കും അവകാശമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ മതനിരപേക്ഷതയെ തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അത് വലിയ തോതിൽ വർഗീയ ശക്തികളെ പ്രോത്സാഹിപ്പിക്കുന്നു. ഇത് ഒരു വിഭാഗം ജനങ്ങൾക്കിടയിൽ പ്രത്യേക അരക്ഷിതാവസ്ഥയും ഉത്കണ്ഠയും സൃഷ്ടിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണ്ണയിക്കുന്നത് രാജ്യത്തിന് യോജിച്ചതല്ല. മതത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കേണ്ട ഒന്നല്ല പൗരത്വം.
ഈ വിഷയത്തിൽ കേന്ദ്രത്തിന്റെ നിലപാടിനെതിരെ പരസ്യമായി നിലപാട് പ്രഖ്യാപിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്നായിരുന്നു നിലപാട്. ഇക്കാര്യത്തിൽ ഒരുപാട് അഭിപ്രായങ്ങൾ ഉയർന്നിരുന്നു. കേന്ദ്രം നിലപാട് സ്വീകരിച്ചാൽ സംസ്ഥാനത്തിന് വ്യത്യസ്തമായ നിലപാട് സ്വീകരിക്കാൻ കഴിയുമോ എന്നതായിരുന്നു ചോദ്യം. അവിടെയാണ് ബദലിന്റെ കാമ്പെന്നും മുഖ്യമന്ത്രി പറഞ്ഞു.