ന്യൂഡൽഹി: ജമ്മുകശ്മീരിൽ അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. “കശ്മീരി പണ്ഡിറ്റുകൾ ധർണയിലാണ്, പക്ഷേ സർക്കാർ എട്ട് വർഷം ആഘോഷിക്കുന്ന തിരക്കിലാണ്,” അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ കാശ്മീരിൽ 15 സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിക്കുകയും 18 സാധാരണക്കാർ കൊല്ലപ്പെടുകയും ചെയ്തു.
“പ്രധാനമന്ത്രി, ഇതൊരു സിനിമയല്ല, ഇന്നത്തെ കശ്മീരിന്റെ യാഥാർത്ഥ്യമാണ്. കശ്മീർ താഴ്വരയിലെ കുൽഗാം ജില്ലയിൽ അധ്യാപിക കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ജമ്മുവിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടന്നിരുന്നു. പ്രതിഷേധക്കാർ ഭരണകൂടത്തിന്റെ കോലം കത്തിക്കുകയും പാകിസ്ഥാനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
ചൊവ്വാഴ്ചയാണ് രജനിബാല (36) എന്ന സ്ത്രീയെ ഭീകരർ വെടിവച്ച് കൊന്നത്. അധ്യാപികയുടെ പേർ ചോദിച്ച ശേഷമാണ് ഭീകരർ വെടിയുതിർത്തതെന്നും പറയപ്പെടുന്നു.