കോഴിക്കോട്: തട്ടിപ്പുകേസിൽ അന്വേഷണം നേരിടുന്ന യുവ സംഗീത സംവിധായകൻ അറസ്റ്റിൽ. കോട്ടയം ഏറ്റുമാനൂർ വല്ലയിൽ ചാലിൽ വീട്ടിൽ ശരത് മോഹനെയാണ് (39) പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യക്കടത്ത് കേസിൽ ജാമ്യം ലഭിച്ചതിന് ശേഷം ഹാജരാകാത്തതിനെ തുടർന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്. എറണാകുളത്ത് നിന്നാണ് പയ്യോളി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹൈക്കോടതി അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളെ കബളിപ്പിച്ചെന്ന പരാതിയിലാണ് ഹൈക്കോടതി വിജിലൻസ് അന്വേഷണം നടത്തുന്നത്. ഗവർണറും പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച് കബളിപ്പിക്കുകയായിരുന്നു ഇയാളുടെ രീതിയെന്ന് പയ്യോളി പൊലീസ് പറഞ്ഞു. കോട്ടയം കുറവിലങ്ങാട്, ഏറ്റുമാനൂർ, ഗാന്ധി നഗർ, മയ്യിൽ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ ഏഴ് കേസുകളുണ്ട്.