ഈജിപ്തിലെ സഖാറയിൽ നിന്ന് 250 മമ്മികൾ കണ്ടെത്തി. 2500 വർഷം പഴക്കമുള്ള ശവകുടീരങ്ങളാണ് കണ്ടെത്തിയത്. അനൂബിസ്, അമുൻ, ഒസിരിസ് തുടങ്ങിയ വിവിധ ദൈവങ്ങളുടെ വെങ്കല പ്രതിമകളും കണ്ടെടുത്തവയിൽ ഉൾപ്പെടുന്നു. വാസ്തുശിൽപി ഇംഹോട്ടെപ്പിൻറെ തലയില്ലാത്ത പ്രതിമയും ഇവിടെ നിന്ന് കണ്ടെടുത്തു.
250 ശവപ്പെട്ടികളും 150 വെങ്കല പ്രതിമകളും സഖാറയിൽ നിന്ന് കണ്ടെത്തി. ബിസി 500ൽ ആവാം ഇവ നിർമ്മിച്ചതെന്ന് അധികൃതർ പറയുന്നു. പാപ്പിറസ് പേജിൽ ഹൈറോഗ്ലിഫിക്കിൽ എഴുതിയ ഒരു കുറിപ്പ് ഒരു ശവപ്പെട്ടിയിൽ നിന്ന് കണ്ടെത്തി. ഇവ ‘മരിച്ചവരുടെ പുസ്തകം’ അല്ലെങ്കിൽ മരണപുസ്തകത്തിൽ നിന്നുള്ള വാചകങ്ങളാകാമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ പരിശോധനകൾക്കായി ഇത് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.