Spread the love

തെക്കൻ ചൈനയിൽ അതിവേഗ ട്രെയിൻ പാളം തെറ്റി. ഒരാൾ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗുയിഷൗ പ്രവിശ്യയിലെ റോങ്ജിയാങ് കൗണ്ടിയിൽ ശനിയാഴ്ചയാണ് അപകടമുണ്ടായത്.

ഉരുൾപൊട്ടലിൽ നിന്നുള്ള അവശിഷ്ടങ്ങൾ ട്രാക്കിലുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ ഇടിച്ചതിനെ തുടർന്ന് ട്രെയിൻ അപകടത്തിൽപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ട്രെയിൻ കണ്ടക്ടറെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പരിക്കേറ്റവരിൽ ഒരു ക്രൂ അംഗവും ഉൾപ്പെടുന്നു.

ബാക്കി 136 യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു. 2011 ൽ സെജിയാങ് പ്രവിശ്യയിലെ വെൻ ഷൗവിനടുത്ത് മറ്റൊരു ട്രെയിൻ അതിവേഗ ട്രെയിനിൽ ഇടിച്ച് 40 പേർ മരിച്ചിരുന്നു. 200 ഓളം പേർക്കാണ് അന്ന് പരിക്കേറ്റത്. അതിനു ശേഷമുള്ള ആദ്യ അപകടമാണിത്.

By newsten