മുസഫര്‍പുര്‍: ബിഹാറിൽ മോഷ്ടാക്കൾ ഒരു തുരങ്കം വഴി ട്രെയിൻ എഞ്ചിൻ കടത്തിക്കൊണ്ടുപോയി. റെയിൽവേ യാർഡിൽ നിർത്തിയിട്ടിരുന്ന എഞ്ചിൻ ഘട്ടം ഘട്ടമായി പല ഭാഗങ്ങളാക്കിയാണ് മോഷ്ടാക്കൾ കടത്തിയതെന്ന് പൊലീസ് പറഞ്ഞു. ബിഹാറിലെ ബെഗുസരായ് ജില്ലയിലാണ് സംഭവം. മോഷ്ടിച്ച എഞ്ചിൻ ഭാഗങ്ങൾ പിന്നീട് മുസാഫർപൂരിനടുത്തുള്ള പ്രഭാത് നഗറിൽ നിന്ന് കണ്ടെടുത്തു.
ഗര്‍ഹാര യാര്‍ഡില്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന ഡീസൽ എഞ്ചിനാണ് മോഷണം പോയത്. കഴിഞ്ഞയാഴ്ചയാണ് ഇത് സംബന്ധിച്ച് പരാതി ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് മുസാഫർപൂർ റെയിൽവേ സംരക്ഷണ സേന ഇന്‍സ്പെക്ടര്‍ പി.എസ് ദുബെ പറഞ്ഞു. കവർച്ച നടന്ന എഞ്ചിൻ യാർഡിലേക്ക് മോഷ്ടാക്കൾ ഒരു തുരങ്കം നിർമ്മിച്ചതായി അദ്ദേഹം പറഞ്ഞു.
പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രഭാത് നഗറിലെ സ്ക്രാപ്പ് ഗോഡൗണിൽ നിന്ന് ട്രെയിനിന്റെ മുഴുവൻ എഞ്ചിൻ ഭാഗങ്ങളും കണ്ടെടുത്തു. എഞ്ചിൻ ഭാഗങ്ങൾ ചാക്കുകളിൽ പായ്ക്ക് ചെയ്ത നിലയിലായിരുന്നു. ചക്രങ്ങൾ, എഞ്ചിൻ ഭാഗങ്ങൾ, റെയിൽവേ ഭാഗങ്ങൾ എന്നിവ കണ്ടെടുത്തു. ആക്രി ഗോഡൗണിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.